Monday, June 4, 2012

മൌനമേ മറയുക..
============

മൌനമേ നീ മറയുക നിത്യമായ്‌
ക്രൂരതയുടെ ചുവന്ന ചക്രവാള സീമയില്‍ ...
ജീവിതത്തെരുവില്‍ നേരും നെറിയും
വിപ്ലവ തീവ്രതയുടെ വെട്ടും കുത്തുമേറ്റ്‌
അതിജീവനതിനത്തിനായ്‌ ചക്രശ്വാസം വലിക്കുമ്പോഴും
ബുദ്ധിയുടെ കാഷായ വേഷമണിഞ്ഞ്
തല കുനിച്ച് കണ്ണിമ പൂട്ടി
പ്രതികരണശേഷി നഷ്ട്ടപ്പെട്ടവനായി
കടന്നു പോയ നിന്നെ
ഏതൊരു നാമ വിശേഷണത്തിനാല്‍
അഭിസംബോധന ചെയ്യേണ്ടൂ??

ഒരു കാറ്റടിച്ചാല്‍ , ഒരു തിരയുയര്‍ന്നാല്‍
ഒരു കാക്ക മെല്ലെ മലര്‍ന്നു പറന്നാല്‍
അന്തമില്ലാത്ത വാചകപ്പൂക്കളാല്‍
ആരവമുയര്‍ത്തിടും നീ ഇന്നെന്തേ
മൌനത്തിന്‍ പുതപ്പിനുള്ളില്‍ മറഞ്ഞിരിപ്പൂ?
അന്നൊരു നാള്‍ കാട്ടാള ശ്രേഷ്ഠന്‍
മൌനത്തിന്‍ വല്മീകത്തില്‍ സ്വയം ലയിച്ചിരുന്നത്
'മാ നിഷാദ' പാടിയതിന്‍ ശേഷമെന്ന്
ഓര്‍ക്കുന്നുവോ നീ??

നേരമിനിയും ബാക്കിയുണ്ടല്ലോ
ഇനിയെങ്കിലും നിന്‍ മൌനം ഭന്‍ജിക്കൂ..
ആവതില്ലായെന്കില്‍ പറയുന്നു ഞങ്ങള്‍
" മൌനമേ നീ മറയുക നിത്യമായ്‌
ക്രൂരതയുടെ ചുവന്ന ചക്രവാള സീമയില്‍ ..."

No comments:

Post a Comment