Monday, July 16, 2012

ഭാഗ്യം വില്‍ക്കുന്നവന്‍
================

അലറിക്കരഞ്ഞുകൊണ്ടതിവേഗമോടും
തീവണ്ടിമുറികളിലെ ഇടുങ്ങിയ നടവഴികളിലൂടെ
ശാന്തമായ്‌ മോഴിഞ്ഞും ചില നേരങ്ങളില്‍ കരഞ്ഞും
യാചിച്ചതെല്ലാം വനരോദനമായപ്പോള്‍
വിറയ്ക്കുന്ന വിരലുകള്‍ക്കിടയിലിരുന്നിന്നലെ
ഭാഗ്യം കളിയാക്കി ചിരിച്ചു...
വിറ്റ് തീരാത്ത കടലാസ്സ് കഷ്ണങ്ങള്‍ നിവര്‍ത്തി
പത്രത്താളിലൂടെ ഭാഗ്യം തേടി കണ്ണുകള്‍ പായവേ
തിരിച്ചറിഞ്ഞു- ഒറ്റയക്കത്തിനിന്നും
ഭാഗ്യദേവത വഴിമാറിപ്പോയി...

ഇന്നും പോകണം തീവണ്ടി മുറികളിലൂടെ
യാത്രികരുടെ സ്വസ്ഥതയെ തകര്‍ത്തുകൊണ്ട്
പരുക്കന്‍ ശബ്ദത്തില്‍ നിലവിളിക്കണം,
ദുര്‍ഗന്ധം വമിക്കുന്ന ഇടനാഴികളില്‍
അല്‍പ്പം വിശ്രമിക്കേണം..
ഒരുപക്ഷെ നാളെ എന്റെതാവാം..
അതെ, ഞാന്‍ ഭാഗ്യം വില്‍ക്കുന്നവന്‍ !!