Wednesday, May 16, 2012

പുനര്‍വായന
..............

ധാരണകള്‍ തിരുത്തിവായിക്കുന്നത്
എത്ര വേഗത്തിലാണ്?
നിറഞ്ഞ സത്യത്തില്‍ നിന്നും
ഒഴിഞ്ഞ മിഥ്യയിലേക്ക്
എത്തിച്ചേരുവാന്‍ നീയെടുത്ത സമയം
ഒരു നിമിഷം മാത്രമല്ലേ?
ജ്വലിച്ചു നില്‍ക്കും പ്രകാശത്തെയിരുളാക്കാന്‍
നിനക്കുമെനിക്കും വേണ്ടത്
ഒരു കണ്‍ചിമ്മല്‍ മാത്രം..
ഉള്ളില്‍ തുടിക്കും സ്നേഹവാല്സല്യത്തെ
നിര്‍ജീവമാക്കുവാന്‍ നേരമേറെ വേണ്ടെന്നും
മനസ്സിലാക്കുവാന്‍ എന്തിത്ര വൈകി ഞാന്‍ ??
തിരിച്ചറിവിലെന്‍ കണ്ണുകള്‍ തുറക്കുമ്പോള്‍
കാണുന്നു ഞാന്‍ മറവി തന്‍ നേര്‍ത്ത
തിരശീലക്കുള്ളിലൊളിപ്പിക്കുവാന്‍ വെമ്പും
നിന്‍ മങ്ങിയ മുഖം മാത്രം!!

Thursday, May 3, 2012


ഏകാന്ത തീര്‍ഥാടനം
==================
നദിയൊഴുകുന്നു
രാവിന്‍ മരണ നിശബ്ദതയിലും
അതിവേഗം അകലേക്ക്‌..
കരുണയില്ലാക്കരങ്ങളാല്‍
പീഡനമേല്‍ക്കുമ്പോഴും
പുറമേ ചിരിച്ചും അകമേ കരഞ്ഞും
ശാന്തിതന്‍ ചക്രവാള സീമയിലേക്ക്
ഒരേകാന്ത തീര്‍ഥാടനം!

അനാദിയില്‍ നിന്നും മന്ദമായ്,
നിര്‍വികാരയായ് തുടങ്ങിയ യാത്രയില്‍
പിന്നിട്ടതെത്ര വഴിത്താരകള്‍ !
മാനവ പാദങ്ങള്‍ ചുംബിച്ചുമുന്നേറവേ
ചരിത്രജനനങ്ങള്‍ക്കെത്രയോ സാക്ഷിയായ്‌...

കാലം കവരാത്ത ചരിത്രവും പേറി,
അതിജീവനത്തിന്റെ തുരുത്തുകള്‍ തേടി,
അതിരുകള്‍ ലംഘിച്ച്, ആകാശം നോക്കി
നിണമണിഞ്ഞ ഭൂവിനെ കഴുകി വെളുപ്പിച്ചും
സംസ്ക്കാരത്തിന്‍ കളിത്തൊട്ടിലായും
ലോകത്തിന്‍ ശ്വാസകോശമായും
പലദേശങ്ങളില്‍ പല നാമങ്ങളില്‍
ശാന്തയായ്‌, സൌമ്യയായ്‌,
പെരുമഴപ്പെരുക്കങ്ങളില്‍
സംഹാരരുദ്രയായ്‌ നദിയൊഴുകുന്നു
അനസ്യൂതം മുന്നോട്ട്....

Tuesday, May 1, 2012

പ്രിയ തോഴന്‍
=============
എന്‍ സ്നേഹഗാഥയ്ക്കീണം പകര്‍ന്നിടാന്‍
എത്തിയോരെന്‍പ്രിയ കൂട്ടുകാരാ
ജീവിതമാം എന്‍ പാഴ്മുളം തണ്ടില്‍ നീ
ചുംബിചുണര്‍ത്തിയതേതു രാഗം??
ഉരുകിയൊലിക്കുന്ന വേനലില്‍ നീയെനി-
ക്കേകിയോരായിരം കുളിര്‍മഴകള്‍
നിദ്രാവിഹീനമാം രാത്രിതന്‍ യാമത്തി-
ലരികെയെത്തി മൃദുമന്ത്രണമായ്‌....

ഗുണിച്ചും ഹരിച്ചും കൂട്ടിയും കുറച്ചും
ഗണിച്ചെടുത്തീടുമ്പോള്‍ ബാക്കിയായ് വന്നിടാന്‍
ജീവിത താളില്‍ തോഴരേറെയുണ്ടെന്നാലും
ഹൃദയത്തിനോപ്പം ചേര്‍ത്തുപിടിച്ചിടാന്‍ ,
എന്‍ പ്രിയ തോഴനെന്നടിക്കുറിപ്പെഴുതിടാന്‍
നിന്‍ മുഖം മാത്രമേ കാണ്മതുള്ളൂ...

എത്രയോ കാതം അകലെയാണെങ്കിലും
സ്നേഹബന്ധത്താല്‍ നാം അരികിലല്ലേ??
എകാന്തമാമെന്‍ തപോവനസ്ഥലികളില്‍
കാലിടറിവീഴാതെ മുന്നോട്ടു പോയിടാന്‍
കരം പിടിച്ചെന്നും നീ കൂട്ടിനുണ്ടെങ്കില്‍
ഇനിയെത്ര ദൂരവും നടന്നിടാം ഞാന്‍ ...