Friday, September 7, 2012

ഭാവിയുടെ മുഖങ്ങള്‍
=========================
"ഭാവിയില്‍ ആരാകാനാണ് ആഗ്രഹം?" ടീച്ചറുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി. ഭാവി! അതെന്തു സംഭവം?? ആദ്യമായിട്ടാണ് കേള്‍ക്കുന്നത് തന്നെ. അപ്പോള്‍ പിന്നെ ഒരു മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥി ഞെട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?? എങ്കിലും മനസ്സില്‍ തോന്നിയതെന്തോ പറഞ്ഞു (24വര്‍ഷം മുന്‍പുള്ള സംഭവമാണ്). കാലങ്ങള്‍ കടന്നു പോയി. പിന്നീട് പത്താം തരത്തില്‍ എത്തിയപ്പോഴാണ് ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത്. അതിനു കാരണവുമുണ്ട്: "ഇതാണ് നിങ്ങളുടെ ഭാവിയുടെ ചവിട്ടു പടി" എന്ന് എന്നുള്ള അധ്യാപകരുടെ നിരന്തരമായ ജല്‍പ്പനങ്ങള്‍ തന്നെ. അവിടെയും ഞാന്‍ പരാജയപ്പെട്ടു - പരീക്ഷയിലല്ല, തീരുമാനമെടുക്കുന്നതില്‍ ...

പിന്നീട് പ്രീഡിഗ്രീ കാലം. കുറവിലങ്ങാട് ദേവമാതാ കോളേജിലെ സെക്കന്റ്‌ ഗ്രൂപ്പ് ക്ലാസ് മുറിയില്‍ ഇരിക്കുമ്പോള്‍ ദാ വരുന്നു പിന്നെയും അതെ ചോദ്യം! ഒന്നാം വര്‍ഷത്തെ ആദ്യക്ലാസ്. വിദ്യാര്‍ഥികളുടെ സ്വകാര്യ വിവരങ്ങള്‍ ചേര്‍ക്കാന്‍ തന്ന ഫോമിലെ അവസാനത്തെ ചോദ്യം എന്നെ നോക്കി പല്ലിളിച്ചു - What is your ambition?മലയാളം മീഡിയത്തില്‍ നിന്നും ഗുളിക രൂപത്തില്‍ ആംഗലേയം പഠിച്ചിറങ്ങിയ ഞാന്‍ ഇതിനെങ്ങനെ ഉത്തരം പറയും?അടുത്തിരുന്ന ചുള്ളന്‍ ചെക്കന്റെ പേപ്പറിലേക്ക് ഞാന്‍ പാളിനോക്കി. എന്നിട്ട് അതുപോലെ പകര്‍ത്തി - My ambition is to become a doctor.

ദിവസങ്ങള്‍ മുന്നോട്ടു പോകവേ ഞാന്‍ തിരിച്ചറിഞ്ഞു എനിക്കൊരിക്കലും ഒരു ഡോക്ടര്‍ ആകാന്‍ പറ്റില്ലെന്ന്. അത് മറ്റൊന്നും കൊണ്ടല്ല, ഡോക്ടരേക്കാള്‍ എന്നെ മോഹിപ്പിച്ച ഒരു ജോലി എന്റെ മനസ്സില്‍ കുടിയേറിയിരുന്നു - കോളേജ് അദ്ധ്യാപകന്‍ ! അതിനു കാരണക്കാരനായതോ, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെണ്ടിലെ റോയ്‌ സര്‍ - കോളേജിലെ സര്‍വ്വമാന തരുണീമണികളുടെയും ആരാധ്യപുരുഷന്‍ ! അപ്പോള്‍പിന്നെ അങ്ങനെ ആഗ്രഹിച്ചത്‌ ഒരു തെറ്റാണോ??

പ്രീഡിഗ്രീക്ക് ശേഷം നേരെ വെച്ച് പിടിച്ചത് കോട്ടയം ഗവണ്മെന്റ് കോളേജിലെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിലേക്ക്. മൂന്ന് വര്‍ഷം അവിടെ ആഘോഷിച്ചു. ഇതിനിടയില്‍ എന്നിലെ കോളേജ് അദ്ധ്യാപകന്‍ എന്നാ മോഹം കുടിയിറങ്ങിയിരുന്നു. പകരം, അവിടെ ഒരു ബാങ്ക് ഓഫീസര്‍ സ്ഥാനം പിടിച്ചിരുന്നു. കോട്ടയത്ത്‌ നിന്നും നേരെ പോയത് മഹാത്മാ ഗാന്ധി സര്‍വകലാശാല ആസ്ഥാനമായ പ്രിയദര്‍ശിനി കുന്നുകളിലേക്ക്. അവിടെ കുന്നിന്‍ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് (ബയോ  സയന്‍സസ്) ക്ലാസ്‌ മുറികളിലും പരീക്ഷനശാലകളിലും വെച്ച് ആ ബാങ്ക് ഓഫീസര്‍ നിലവിളിച്ചു കൊണ്ടോടിയതു ഞാന്‍ അറിഞ്ഞു; ഒരു ശാസ്ത്രഞ്ജന്‍ ആ കസേരയില്‍ ഇരിപ്പുറപ്പിച്ചതും...

അവിടുത്തെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മുന്നില്‍ വന്നത് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു ജോലിയായിരുന്നു - മെഡിക്കല്‍ കോളേജ് അദ്ധ്യാപകന്‍ ! എങ്ങനെയെന്നു ചോദിച്ചാല്‍ 'അങ്ങനെ' എന്ന് പറയാനേ പറ്റൂ(കഥയില്‍ ചോദ്യമില്ല പോലും). രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഈ കസേരയില്‍ ഇപ്പോള്‍ വിജയകരമായ എട്ടാമത്തെ വര്‍ഷം. പിന്തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സില്‍ സന്തോഷവും ഒപ്പം അത്ഭുതവും. 'ഭാവിയുടെ' ഓരോ മുഖങ്ങള്‍ !! ആഗ്രഹിക്കുന്നത് ഒന്ന്, ആയിത്തീരുന്നത് വേറൊന്ന്. ഇനിയും ധാരാളം ആഗ്രഹങ്ങള്‍ ബാക്കിയാണ്. എന്നെങ്കിലും അവയില്‍ ഏതെങ്കിലുമൊക്കെ ആയിത്തീരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഞാനിന്ന്; സ്വപ്‌നങ്ങള്‍ പൂക്കുന്ന മനസ്സുമായ്‌...

Wednesday, September 5, 2012

ഗുരുവന്ദനം!!
====================
പേമാരിയായിരുന്നു
വിണ്ണില്‍ നിന്നുമെന്‍ കണ്ണില്‍ നിന്നും..
പുത്തനുടുപ്പും പുസ്തക സഞ്ചിയും
പുതുജീവിതത്തിന് കൂട്ടായി വന്നെങ്കിലും
ആശങ്കയായിരുന്നു മനം നിറയെ....

അമ്മതന്‍ കൈയില്‍ നിന്നേറ്റുവാങ്ങുമ്പോള്‍
നിന്‍ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിപ്പൂക്കളെ
മറച്ചുകളഞ്ഞത് പേമാരിയോ
അതോ കണ്ണീര്‍ മഴയോ??

ഓരോ ദിവസവും പുത്തന്‍ പാഠങ്ങള്‍ !
ഓരോ പതര്‍ച്ചയിലും നിന്‍ ആശ്വാസവാക്കുകള്‍ !!
വിജയങ്ങളില്‍ അഭിനന്ദനങ്ങള്‍ !!
ഞാന്‍ വളരുകയായിരുന്നു
അല്ല, നീ വളര്‍ത്തുകയായിരുന്നു...

ജീവിതത്തിന്‍ പാതി വഴിയാത്രയില്‍
ഞാന്‍ തിരിച്ചറിയുന്നു -
എന്റെ വിജയങ്ങള്‍ നിന്റെതെന്നു..
എന്റെ ജീവിതം നിന്‍ ത്യാഗമെന്നു...
കാലമെത്ര കഴിഞ്ഞാലും മായില്ല
നീ എനിക്കേകിയ പാഠങ്ങളും
സ്നേഹവചനങ്ങളും....

(എന്നെ ഞാനാക്കിയ എന്റെ നല്ലവരായ എല്ലാ ഗുരുനാഥന്‍മാര്‍ക്കും സ്നേഹം നിറഞ്ഞ അധ്യാപക ദിനാശംസകള്‍ !!!)

Saturday, August 25, 2012

കടല്‍പ്പാലത്തില്‍ തനിയെ.....
======================

ഓര്‍മ്മകള്‍ കടലെടുത്ത രാത്രിയില്‍
മോഹങ്ങള്‍ ഒഴിഞ്ഞു പോയ തീരത്ത്
ഞാന്‍ ഏകനായിരുന്നു...
കരുതി വെക്കുവാനൊന്നുമില്ലാതെ,
കാതുനില്‍ക്കുവാനാരുമില്ലാതെ
ജീവന്റെ ഇരുണ്ട സമതലങ്ങളിലേക്ക്
വേപഥുവോടെ ഉറ്റുനോക്കി
ഏകനായ് ഞാന്‍ .....

ഇന്നലെയുടെ ഇടവഴികള്‍ ശ്മശാനമൂകമായെങ്കിലും
ഇനിയും തകരാത്ത ആത്മവിശ്വാസത്തോടെ
തലയുയര്‍ത്തിനില്‍ക്കും കടല്‍പ്പാലത്തിന്റെ
വാര്‍ദ്ധക്യമേറും കൈപ്പിടികളില്‍
മുറുകെപ്പിടിച്ചു ഞാന്‍ എന്തിനോ വേണ്ടി....

അകലെ, പ്രകാശഗോപുരങ്ങള്‍
പുഞ്ചിരിക്കാന്‍ മറന്നുപോയിരുന്നു;
ഏതോ മണ്‍കുടിലില്‍ നിന്നുമുയര്‍ന്നിരുന്ന
പാട്ടിന്റെ അവസാനശ്രുതിയും നിലച്ചിരുന്നു...
ഉറങ്ങിവെളുക്കും പകലിനെ കണ്‍പാര്‍ത്ത്
എകനായിന്ന്‍ ഞാനിവിടെ...
അതെ, ഞാന്‍ ജീവിതക്കടല്‍പ്പാലത്തില്‍
തനിയെ ഇരിക്കുന്നവന്‍ !!

Monday, July 16, 2012

ഭാഗ്യം വില്‍ക്കുന്നവന്‍
================

അലറിക്കരഞ്ഞുകൊണ്ടതിവേഗമോടും
തീവണ്ടിമുറികളിലെ ഇടുങ്ങിയ നടവഴികളിലൂടെ
ശാന്തമായ്‌ മോഴിഞ്ഞും ചില നേരങ്ങളില്‍ കരഞ്ഞും
യാചിച്ചതെല്ലാം വനരോദനമായപ്പോള്‍
വിറയ്ക്കുന്ന വിരലുകള്‍ക്കിടയിലിരുന്നിന്നലെ
ഭാഗ്യം കളിയാക്കി ചിരിച്ചു...
വിറ്റ് തീരാത്ത കടലാസ്സ് കഷ്ണങ്ങള്‍ നിവര്‍ത്തി
പത്രത്താളിലൂടെ ഭാഗ്യം തേടി കണ്ണുകള്‍ പായവേ
തിരിച്ചറിഞ്ഞു- ഒറ്റയക്കത്തിനിന്നും
ഭാഗ്യദേവത വഴിമാറിപ്പോയി...

ഇന്നും പോകണം തീവണ്ടി മുറികളിലൂടെ
യാത്രികരുടെ സ്വസ്ഥതയെ തകര്‍ത്തുകൊണ്ട്
പരുക്കന്‍ ശബ്ദത്തില്‍ നിലവിളിക്കണം,
ദുര്‍ഗന്ധം വമിക്കുന്ന ഇടനാഴികളില്‍
അല്‍പ്പം വിശ്രമിക്കേണം..
ഒരുപക്ഷെ നാളെ എന്റെതാവാം..
അതെ, ഞാന്‍ ഭാഗ്യം വില്‍ക്കുന്നവന്‍ !!

Thursday, June 28, 2012

മഴയും മറവിയും..
===============
മഴയെ ഞാന്‍ മറക്കുവതെങ്ങനെ?
മറവി തന്‍ ഇരുണ്ട സമതലങ്ങളില്‍
ധൂമം പുതച്ച്ചുറങ്ങിയ ഓര്‍മ്മക്കൂമ്പാരങ്ങളെ
തട്ടിക്കുടഞ്ഞെനീല്‍പ്പിച്ച്ച്ചതീ മഴയല്ലേ?

ബാല്യചാപല്യങ്ങളും കൌമാരകൌതുകങ്ങളും
യൌവ്വന വിഹ്വലതകളും സമം ചേര്‍ത്തൊരുക്കിയ
വര്‍ണ്ണച്ച്ചിത്രത്തിനു ജീവന്‍ കൊടുത്തിട്ട്
അകലെ മാറിനിന്ന് പൊട്ടിച്ചിരിച്ചതുമീ മഴയല്ലേ??

കണ്ണീരിന്‍ ഉപ്പുരസമെന്തെന്നൊരിക്കലും
ഞാന്‍ രുചി നോക്കീടാതെന്‍ കണ്ണീരിന്‍ മീതെ
മധുരമായ്‌ പെയ്തതും ഇതേ മഴയല്ലോ??
പിന്നെ ഞാന്‍ മറക്കുവതെങ്ങനെയെന്‍ സഖീ
നിന്‍ മൃദുചുംബനമെന്നില്‍ നവ -
ജീവസ്പന്ദനമായ്‌ വീണ്ടും നിറയവേ??
പറയൂ, മറക്കുവതെങ്ങനെ??

Monday, June 4, 2012

മൌനമേ മറയുക..
============

മൌനമേ നീ മറയുക നിത്യമായ്‌
ക്രൂരതയുടെ ചുവന്ന ചക്രവാള സീമയില്‍ ...
ജീവിതത്തെരുവില്‍ നേരും നെറിയും
വിപ്ലവ തീവ്രതയുടെ വെട്ടും കുത്തുമേറ്റ്‌
അതിജീവനതിനത്തിനായ്‌ ചക്രശ്വാസം വലിക്കുമ്പോഴും
ബുദ്ധിയുടെ കാഷായ വേഷമണിഞ്ഞ്
തല കുനിച്ച് കണ്ണിമ പൂട്ടി
പ്രതികരണശേഷി നഷ്ട്ടപ്പെട്ടവനായി
കടന്നു പോയ നിന്നെ
ഏതൊരു നാമ വിശേഷണത്തിനാല്‍
അഭിസംബോധന ചെയ്യേണ്ടൂ??

ഒരു കാറ്റടിച്ചാല്‍ , ഒരു തിരയുയര്‍ന്നാല്‍
ഒരു കാക്ക മെല്ലെ മലര്‍ന്നു പറന്നാല്‍
അന്തമില്ലാത്ത വാചകപ്പൂക്കളാല്‍
ആരവമുയര്‍ത്തിടും നീ ഇന്നെന്തേ
മൌനത്തിന്‍ പുതപ്പിനുള്ളില്‍ മറഞ്ഞിരിപ്പൂ?
അന്നൊരു നാള്‍ കാട്ടാള ശ്രേഷ്ഠന്‍
മൌനത്തിന്‍ വല്മീകത്തില്‍ സ്വയം ലയിച്ചിരുന്നത്
'മാ നിഷാദ' പാടിയതിന്‍ ശേഷമെന്ന്
ഓര്‍ക്കുന്നുവോ നീ??

നേരമിനിയും ബാക്കിയുണ്ടല്ലോ
ഇനിയെങ്കിലും നിന്‍ മൌനം ഭന്‍ജിക്കൂ..
ആവതില്ലായെന്കില്‍ പറയുന്നു ഞങ്ങള്‍
" മൌനമേ നീ മറയുക നിത്യമായ്‌
ക്രൂരതയുടെ ചുവന്ന ചക്രവാള സീമയില്‍ ..."

Wednesday, May 16, 2012

പുനര്‍വായന
..............

ധാരണകള്‍ തിരുത്തിവായിക്കുന്നത്
എത്ര വേഗത്തിലാണ്?
നിറഞ്ഞ സത്യത്തില്‍ നിന്നും
ഒഴിഞ്ഞ മിഥ്യയിലേക്ക്
എത്തിച്ചേരുവാന്‍ നീയെടുത്ത സമയം
ഒരു നിമിഷം മാത്രമല്ലേ?
ജ്വലിച്ചു നില്‍ക്കും പ്രകാശത്തെയിരുളാക്കാന്‍
നിനക്കുമെനിക്കും വേണ്ടത്
ഒരു കണ്‍ചിമ്മല്‍ മാത്രം..
ഉള്ളില്‍ തുടിക്കും സ്നേഹവാല്സല്യത്തെ
നിര്‍ജീവമാക്കുവാന്‍ നേരമേറെ വേണ്ടെന്നും
മനസ്സിലാക്കുവാന്‍ എന്തിത്ര വൈകി ഞാന്‍ ??
തിരിച്ചറിവിലെന്‍ കണ്ണുകള്‍ തുറക്കുമ്പോള്‍
കാണുന്നു ഞാന്‍ മറവി തന്‍ നേര്‍ത്ത
തിരശീലക്കുള്ളിലൊളിപ്പിക്കുവാന്‍ വെമ്പും
നിന്‍ മങ്ങിയ മുഖം മാത്രം!!

Thursday, May 3, 2012


ഏകാന്ത തീര്‍ഥാടനം
==================
നദിയൊഴുകുന്നു
രാവിന്‍ മരണ നിശബ്ദതയിലും
അതിവേഗം അകലേക്ക്‌..
കരുണയില്ലാക്കരങ്ങളാല്‍
പീഡനമേല്‍ക്കുമ്പോഴും
പുറമേ ചിരിച്ചും അകമേ കരഞ്ഞും
ശാന്തിതന്‍ ചക്രവാള സീമയിലേക്ക്
ഒരേകാന്ത തീര്‍ഥാടനം!

അനാദിയില്‍ നിന്നും മന്ദമായ്,
നിര്‍വികാരയായ് തുടങ്ങിയ യാത്രയില്‍
പിന്നിട്ടതെത്ര വഴിത്താരകള്‍ !
മാനവ പാദങ്ങള്‍ ചുംബിച്ചുമുന്നേറവേ
ചരിത്രജനനങ്ങള്‍ക്കെത്രയോ സാക്ഷിയായ്‌...

കാലം കവരാത്ത ചരിത്രവും പേറി,
അതിജീവനത്തിന്റെ തുരുത്തുകള്‍ തേടി,
അതിരുകള്‍ ലംഘിച്ച്, ആകാശം നോക്കി
നിണമണിഞ്ഞ ഭൂവിനെ കഴുകി വെളുപ്പിച്ചും
സംസ്ക്കാരത്തിന്‍ കളിത്തൊട്ടിലായും
ലോകത്തിന്‍ ശ്വാസകോശമായും
പലദേശങ്ങളില്‍ പല നാമങ്ങളില്‍
ശാന്തയായ്‌, സൌമ്യയായ്‌,
പെരുമഴപ്പെരുക്കങ്ങളില്‍
സംഹാരരുദ്രയായ്‌ നദിയൊഴുകുന്നു
അനസ്യൂതം മുന്നോട്ട്....

Tuesday, May 1, 2012

പ്രിയ തോഴന്‍
=============
എന്‍ സ്നേഹഗാഥയ്ക്കീണം പകര്‍ന്നിടാന്‍
എത്തിയോരെന്‍പ്രിയ കൂട്ടുകാരാ
ജീവിതമാം എന്‍ പാഴ്മുളം തണ്ടില്‍ നീ
ചുംബിചുണര്‍ത്തിയതേതു രാഗം??
ഉരുകിയൊലിക്കുന്ന വേനലില്‍ നീയെനി-
ക്കേകിയോരായിരം കുളിര്‍മഴകള്‍
നിദ്രാവിഹീനമാം രാത്രിതന്‍ യാമത്തി-
ലരികെയെത്തി മൃദുമന്ത്രണമായ്‌....

ഗുണിച്ചും ഹരിച്ചും കൂട്ടിയും കുറച്ചും
ഗണിച്ചെടുത്തീടുമ്പോള്‍ ബാക്കിയായ് വന്നിടാന്‍
ജീവിത താളില്‍ തോഴരേറെയുണ്ടെന്നാലും
ഹൃദയത്തിനോപ്പം ചേര്‍ത്തുപിടിച്ചിടാന്‍ ,
എന്‍ പ്രിയ തോഴനെന്നടിക്കുറിപ്പെഴുതിടാന്‍
നിന്‍ മുഖം മാത്രമേ കാണ്മതുള്ളൂ...

എത്രയോ കാതം അകലെയാണെങ്കിലും
സ്നേഹബന്ധത്താല്‍ നാം അരികിലല്ലേ??
എകാന്തമാമെന്‍ തപോവനസ്ഥലികളില്‍
കാലിടറിവീഴാതെ മുന്നോട്ടു പോയിടാന്‍
കരം പിടിച്ചെന്നും നീ കൂട്ടിനുണ്ടെങ്കില്‍
ഇനിയെത്ര ദൂരവും നടന്നിടാം ഞാന്‍ ...

Monday, April 30, 2012

കുരുക്ഷേത്രം
=============
ഇവിടമൊരു കുരുക്ഷേത്രം

അധികാരത്തിന്റെ രഥവേഗങ്ങളില്‍

കുതിച്ചുപായും പ്രഭുകുമാരന്മാരുടെ അട്ടഹാസങ്ങളും

നിരാശ്രയത്വത്തിന്റെ പകല്‍ വെയിലുകളില്‍

ചുട്ടുപൊള്ളും പാവം മനുഷ്യന്റെ ആര്‍ത്തനാദങ്ങളും

മുഴങ്ങുന്ന ഘോരമാം കുരുക്ഷേത്രം!!

അധികാരക്കൊതിയാല്‍ സ്വന്തം കാതുകള്‍ പൊട്ടിയൊഴുകുന്നതും

പണഭ്രമത്താല്‍ കണ്ണുകള്‍ക്ക്‌ തിമിരം ബാധിക്കുന്നതും

തിരിച്ചറിയാനാവാതെ സ്വയം ചക്രവ്യൂഹം തീര്‍ക്കുന്നവരുടെ ലോകം!

നഷ്ടവസന്തങ്ങളില്‍ നെടുവീര്‍പ്പിടുന്ന

പഥികന്റെ ദുരിത കുടീരം!!


ഇവിടെ ഓരോ ദിനവും ഇരുണ്ടു വെളുക്കുന്നത്

പുതിയ സത്യങ്ങളിലേക്ക്..

ഇവിടെ ഓരോ ഇരവിലും നിലാവുദിക്കുന്നത്

പുതിയ കാഴ്ചകളിലേക്ക്..

പുതു സത്യങ്ങളിലും കാഴ്ചകളിലും

മനസ്സുടക്കി വിളറി നില്‍ക്കുമ്പോള്‍

തിരിച്ചറിവിന്റെ പാഠഭേദങ്ങളില്‍

തകര്‍ന്നു വീഴുന്നെന്റെ സ്വപ്ന സാമ്രാജ്യം!!

Friday, April 27, 2012

സ്വപ്നം ==========
ഇന്നലെ കണ്ട സ്വപ്നങ്ങല്‍ക്കെല്ലാം ഒരേ വര്‍ണ്ണങ്ങള്‍ ആയിരുന്നു
ഒരുവേള മങ്ങിയും പിന്നെ തെളിഞ്ഞും
ചാഞ്ഞും ചെരിഞ്ഞും തടിച്ചും മെലിഞ്ഞും
നോവിന്റെ നേര്‍ത്തൊരു പാദസ്വനം പോലും തെല്ലുമുയര്‍ത്താതെ
ഒപ്പം നടക്കും പാവം നിഴലിനെപ്പോലെ...
തൂവല്‍ രഥമേറി മേല്ലെയുയര്‍ന്നപ്പോഴും
പ്രനയത്താഴ്വരയില്‍ പൂത്തുലഞ്ഞു നിന്ന
ദേവദാരുവിന്‍ താഴ്ന്ന കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍
അതിദ്രുതം ആടിത്തിമിര്‍ത്തപ്പോഴു-
മെല്ലാം സ്വപ്നങ്ങള്‍ക്ക് ഒരേ വര്‍ണ്ണം തന്നെ...
പിന്നീടെപ്പോഴോ വിശപ്പിന്റെ നിലവിളി
അടിവയറ്റില്‍ നിന്നും കര്‍ക്കിടക മഴപോലെ ഉറഞ്ഞു തുള്ളിയപ്പോള്‍
തിരിച്ചറിഞ്ഞു ഞാന്‍ മനസ്സ് സ്വപ്നാടനത്തിലെന്കിലും
പാദങ്ങള്‍ ജീവിത യാഥാര്‍ത്ഥ്യത്തിന്‍
പരുക്കന്‍ വഴികളില്‍ തന്നെയെന്ന്...

Wednesday, April 18, 2012

മറു ജന്മം
=============
നോവിന്റെ നിശബ്ദ താഴ്വരകളില്‍
ചെറു കാറ്റായ്‌ ഞാന്‍ അലഞ്ഞു തിരിയവേ
അര്‍പ്പിച്ചുവോ നീ സുഖവാസത്തിന്‍ മേടുകളില്‍ നിന്നൊ-
രായിരം ശോശന്നപ്പൂവുകള്‍ ??

കരഞ്ഞു കണ്ണീര്‍ വറ്റിയ കുന്നിന്‍ ചെരുവിലൂ-
ടെന്തി കയറുവാന്‍ ശ്രമിച്ചപ്പോഴൊക്കെ
വഴുതി വീണ്‌പോയ് മറവി തന്‍ ഗര്‍ത്തങ്ങളില്‍
ഏകനായ്, വ്യഥിത മോഹത്തെ പുല്‍കി ഞാന്‍ ..
ഒരു വേള നിന്‍ ചുടു നിശ്വാസമേറ്റൊരു
പൂമ്പൊടിയായ്‌ പറന്നുയരുവാന്‍ മോഹിച്ചു
എത്തിപ്പിടിക്കുവാന്‍ നിന്‍ കരം ഇരുളില്‍ നീ
നീട്ടുമെന്നും ഞാന്‍ ആശിച്ചു വ്യര്‍ഥമായ്‌..
ഇവിടെയീ ജന്മം ഇങ്ങനെ തീരട്ടെ,
ഇന്ന് നീ നില്‍ക്കുമീ കുന്നിന്‍ ചെരിവിലൊരു
ഇലപോഴിയാ മരമായ്‌ ജനിക്കണം എനിക്കിനി
ജീവിത ചൂടേറ്റ് വാടിത്തളര്‍ന്ന് നീ
അണയണം എന്‍ ചോട്ടില്‍ വിശ്രമിച്ചുനരുവാന്‍ ...

Thursday, April 12, 2012


നീയും ഞാനും
============
ഇന്നലെ നിന്‍ നിശ്വാസമൊരു കാറ്റായെന്‍
മണ്‍ചിമിഴില്‍ പുല്‍കി അണയവേ
കൂമ്പി അടഞ്ഞതെന്റെ മോഹ മിഴിയിണകള്‍ ....
ഇന്നൊരു പെരുമഴയായ്‌ നീ താണ്ടവമാടവേ
പൊട്ടിയോലിച്ചതെന്‍ പ്രതീക്ഷയിന്‍ ജലാശയം...
കറുകകള്‍ പൂവിടും കുന്നിന്‍ ചരിവില്‍ നിന്ന-
കലേക്ക് ആശയാല്‍ മിഴികള്‍ പായിക്കവേ,
അറിയുന്നു നിന്‍ പാദസ്വനം ഒരു തെന്നലായ്
അണയുന്നിതെന്‍ ചാരെ ഒരു വേള മൌനമായ്‌...

പൊള്ളുന്ന വെയിലിന്റെ അവസാന നാളിലായ്‌
വന്നുചേരും മഴയാം മാരനെ കാത്ത്
ചെമ്പട്ട് ചേലയനിഞ്ഞു ഒരുങ്ങിടും വാക മരം പോല്‍
കാത്തിരിക്കുന്നു ഞാന്‍ നിന്‍ കരം മൃദുവായ് പുല്‍കി
സ്വപ്‌നങ്ങള്‍ പൂവിടുംസുന്ദരഭൂവിലെക്കൊപ്പം നടക്കുവാന്‍

Sunday, April 1, 2012

എന്റെ പാപം!

നേരറിവുകള്‍ ദിശ കാട്ടിയിരുന്ന
ജീവിതത്തിന്‍ പെരുവഴിച്ചെരുവുകളില്‍
സുദൃടം ഗ്രഹിച്ചിരുന്ന നിന്‍ കരം
അയഞ്ഞകലുന്നത് ഞാന്‍ അറിഞ്ഞിരുന്നു..
വ്യഥിതമാം ഹൃദയത്തില്‍ നോവുകള്‍ പൂത്തപ്പോള്‍
കണ്ണീര്‍ പൂക്കള്‍ കൊഴിഞ്ഞതും കണ്ടിരുന്നു...
ദുഃഖം മറക്കുവാന്‍ പൊട്ടിച്ചിരിച്ചതോ
ദേഹം തളര്‍ന്നപ്പോള്‍ ഒരു വേള നിന്‍ തോളില്‍
ഒന്നിനുമല്ലാതെ തലയൊന്നു ചായ്ച്ചതോ
എന്‍ മൌനവല്മീകത്തില്‍ സ്വയം മരന്നിരിക്കുവാന്‍
വെറുതേ കൊതിച്ചതോ ഞാന്‍ ചെയ്ത പാതകം?

Saturday, March 31, 2012

കാത്തിരിപ്പ്‌ ..

നാം ഒരുമിച്ചു പിച്ചവെച്ച്ചോരീ
പൂഴിമണ്‍പരപ്പിലിന്നു
നീളേ തെളിയുവതെന്‍ കാല്‍പ്പാടുകള്‍ മാത്രം!
വരണ്ട കാറ്റടിച്ച്ചുയര്ത്തും പൊടിപടലത്തില്‍
മുങ്ങിക്കുളിക്കുവാന്‍ ഇന്നെന്റെ നിഴല്‍ മാത്രം!
ബാല്യത്തിന്‍ വയല്‍വരമ്പിലൂടെട്ടെന്റെ കൈ പിടി-
ച്ചോപ്പം നടക്കവേ ഓര്‍ത്ത്തിരുന്നില്ലയീ ഏട്ടനും നീയും
ഇത്രമേല്‍ നോവിക്കും വേര്‍പിരിയലിനെ..
കൌമാര പുഴവക്കില്‍ അകലം വിട്ടോടവേ
നിനച്ച്ചിരുന്നില്ലിത്ര ദാരുണമാം അന്ത്യം!!
പാകമാകും മുന്‍പേ ജീവിതഭാരം പേറാന്‍
നഗരത്തിരക്കില്‍ നീ ഊളിയിട്ടപ്പോഴും
യാത്രയാല്‍ ക്ഷീണിച്ച മുഖവുമായ്‌ നീയെത്തും
ആഴ്ച്ചവട്ടങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു.
താതനില്ലാ വീടിന്‍ നാഥനായി നിന്ന് നിന്‍
വേളി നടത്തിടാന്‍ കൊതിച്ചതെന്‍
വ്യാമോഹമോ അതോ അതിമോഹമോ??

ഒടുവിലാ സന്ധ്യയില്‍ കൂകിക്കുതിക്കും
തീവണ്ടി മുറിയില്‍ നീ യാത്ര തുടങ്ങവേ
ഇവിടെയീ കുടിന്ലിന്റെ മുന്നിലായ്‌ ഞങ്ങള്‍
അകലേക്ക്‌ കണ്പാര്‍ത്തു നിന്നിരുന്നു..
ആര്ത്തട്ടഹസിക്കും വണ്ടി തന്‍ നാദത്തില്‍
നിന്നാര്‍ത്തനാദം ചിലമ്പിച്ചമരവേ
കാമത്തിന്‍ ഭ്രാന്തമാം ദ്രംഷ്ടകള്‍ നിന്‍ മെയ്യില്‍
ആഴ്ന്നിറന്ഗീടുവാന്‍ നാം എന്ത് പാപം ചെയ്തു?

അറിയുന്നുവോ നീ? ഇന്നുമീ മുറ്റത്ത്‌
കാത്തിരിപ്പൂ ഞങ്ങള്‍ നിന്‍ കാല്‍പ്പെരുമാറ്റത്തിനായ്
കാലമാം യവനികയിട്ടു മറച്ചോരാ നന്മ തന്‍
ഇന്നലെകളിലെക്കിനിയാത്രയില്ല!
നീ കൂടെയില്ലാതെയില്ലിനി ഞങ്ങള്‍ക്ക്
നല്ലൊരു നാളെ വിദൂര സ്വപ്നമായ്‌ പോലും!!
ഓരോ പകലും ഇരവിനായ്‌ മാറുമ്പോള്‍
പൊഴിഞ്ഞു വീഴുന്നോരായിരം അശ്രുക്കള്‍
നടന്നു മുന്നേറുവാന്‍ ഈ വഴിത്താരയില്‍
എന്‍ കൂടെ നീയിനി ഇല്ലെന്നാകിലും
കൂടെയുണ്ടല്ലോ നീ തന്ന ഓര്‍മ്മകള്‍
ഒരായിരം ജന്മം കരുതിവെച്ച്ചിടാന്‍....

(NB: തീവണ്ടി മുറിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട സൌമ്യ എന്ന സഹോദരിയുടെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ ...)

Friday, March 30, 2012

നാളെയുടെ വാഗ്ദാനം

നീണ്ടു പോകും പകല്‍ക്കിനാവിന്റെ
ശോഷിച്ചുണങ്ങിയ ഇടനേരങ്ങളില്‍
കിതച്ചും ചുമച്ചും നെടുവീര്‍പ്പുതിര്ത്തും
ഭാവിയെ നോക്കും ഇന്നിന്റെ യൌവ്വനം!
കാണാമറയത്തെ തോഴനോടൊപ്പം
രാവേറെ നീളുന്ന വര്‍ത്തമാനത്തിന്റെ
നിറവും രുചിയും മാറുന്നതറിയാതെ
ചുറ്റും മുറുകുന്ന വലക്കണ്ണിക്കുള്ളില്‍
മൂകമായ്‌ വിലപിക്കും ഏകാന്ത യൌവ്വനം!!
ജീവിത മരുവില്‍ മരുപ്പച്ച തേടി
ദിശയറിയാതലയും ഏകാന്ത പഥികന്‍ !
അരികു കരിഞ്ഞ ദിവാസ്വപ്നങ്ങളെ
മാറോട് ചേര്‍ത്തും ആലോലമാട്ടിയും
സമയം കഴിക്കും യൌവ്വന രക്തം!!
ജീവിത യാഥാര്‍ത്യത്തിന്‍ പൊള്ളുന്ന വഴികളില്‍
ശൂന്യതയെ ശിരസ്സേറ്റി നീങ്ങിടും
ഇവനാണ് നാളെയുടെ വാഗ്ദാനം!!