Monday, April 30, 2012

കുരുക്ഷേത്രം
=============
ഇവിടമൊരു കുരുക്ഷേത്രം

അധികാരത്തിന്റെ രഥവേഗങ്ങളില്‍

കുതിച്ചുപായും പ്രഭുകുമാരന്മാരുടെ അട്ടഹാസങ്ങളും

നിരാശ്രയത്വത്തിന്റെ പകല്‍ വെയിലുകളില്‍

ചുട്ടുപൊള്ളും പാവം മനുഷ്യന്റെ ആര്‍ത്തനാദങ്ങളും

മുഴങ്ങുന്ന ഘോരമാം കുരുക്ഷേത്രം!!

അധികാരക്കൊതിയാല്‍ സ്വന്തം കാതുകള്‍ പൊട്ടിയൊഴുകുന്നതും

പണഭ്രമത്താല്‍ കണ്ണുകള്‍ക്ക്‌ തിമിരം ബാധിക്കുന്നതും

തിരിച്ചറിയാനാവാതെ സ്വയം ചക്രവ്യൂഹം തീര്‍ക്കുന്നവരുടെ ലോകം!

നഷ്ടവസന്തങ്ങളില്‍ നെടുവീര്‍പ്പിടുന്ന

പഥികന്റെ ദുരിത കുടീരം!!


ഇവിടെ ഓരോ ദിനവും ഇരുണ്ടു വെളുക്കുന്നത്

പുതിയ സത്യങ്ങളിലേക്ക്..

ഇവിടെ ഓരോ ഇരവിലും നിലാവുദിക്കുന്നത്

പുതിയ കാഴ്ചകളിലേക്ക്..

പുതു സത്യങ്ങളിലും കാഴ്ചകളിലും

മനസ്സുടക്കി വിളറി നില്‍ക്കുമ്പോള്‍

തിരിച്ചറിവിന്റെ പാഠഭേദങ്ങളില്‍

തകര്‍ന്നു വീഴുന്നെന്റെ സ്വപ്ന സാമ്രാജ്യം!!

Friday, April 27, 2012

സ്വപ്നം ==========
ഇന്നലെ കണ്ട സ്വപ്നങ്ങല്‍ക്കെല്ലാം ഒരേ വര്‍ണ്ണങ്ങള്‍ ആയിരുന്നു
ഒരുവേള മങ്ങിയും പിന്നെ തെളിഞ്ഞും
ചാഞ്ഞും ചെരിഞ്ഞും തടിച്ചും മെലിഞ്ഞും
നോവിന്റെ നേര്‍ത്തൊരു പാദസ്വനം പോലും തെല്ലുമുയര്‍ത്താതെ
ഒപ്പം നടക്കും പാവം നിഴലിനെപ്പോലെ...
തൂവല്‍ രഥമേറി മേല്ലെയുയര്‍ന്നപ്പോഴും
പ്രനയത്താഴ്വരയില്‍ പൂത്തുലഞ്ഞു നിന്ന
ദേവദാരുവിന്‍ താഴ്ന്ന കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍
അതിദ്രുതം ആടിത്തിമിര്‍ത്തപ്പോഴു-
മെല്ലാം സ്വപ്നങ്ങള്‍ക്ക് ഒരേ വര്‍ണ്ണം തന്നെ...
പിന്നീടെപ്പോഴോ വിശപ്പിന്റെ നിലവിളി
അടിവയറ്റില്‍ നിന്നും കര്‍ക്കിടക മഴപോലെ ഉറഞ്ഞു തുള്ളിയപ്പോള്‍
തിരിച്ചറിഞ്ഞു ഞാന്‍ മനസ്സ് സ്വപ്നാടനത്തിലെന്കിലും
പാദങ്ങള്‍ ജീവിത യാഥാര്‍ത്ഥ്യത്തിന്‍
പരുക്കന്‍ വഴികളില്‍ തന്നെയെന്ന്...

Wednesday, April 18, 2012

മറു ജന്മം
=============
നോവിന്റെ നിശബ്ദ താഴ്വരകളില്‍
ചെറു കാറ്റായ്‌ ഞാന്‍ അലഞ്ഞു തിരിയവേ
അര്‍പ്പിച്ചുവോ നീ സുഖവാസത്തിന്‍ മേടുകളില്‍ നിന്നൊ-
രായിരം ശോശന്നപ്പൂവുകള്‍ ??

കരഞ്ഞു കണ്ണീര്‍ വറ്റിയ കുന്നിന്‍ ചെരുവിലൂ-
ടെന്തി കയറുവാന്‍ ശ്രമിച്ചപ്പോഴൊക്കെ
വഴുതി വീണ്‌പോയ് മറവി തന്‍ ഗര്‍ത്തങ്ങളില്‍
ഏകനായ്, വ്യഥിത മോഹത്തെ പുല്‍കി ഞാന്‍ ..
ഒരു വേള നിന്‍ ചുടു നിശ്വാസമേറ്റൊരു
പൂമ്പൊടിയായ്‌ പറന്നുയരുവാന്‍ മോഹിച്ചു
എത്തിപ്പിടിക്കുവാന്‍ നിന്‍ കരം ഇരുളില്‍ നീ
നീട്ടുമെന്നും ഞാന്‍ ആശിച്ചു വ്യര്‍ഥമായ്‌..
ഇവിടെയീ ജന്മം ഇങ്ങനെ തീരട്ടെ,
ഇന്ന് നീ നില്‍ക്കുമീ കുന്നിന്‍ ചെരിവിലൊരു
ഇലപോഴിയാ മരമായ്‌ ജനിക്കണം എനിക്കിനി
ജീവിത ചൂടേറ്റ് വാടിത്തളര്‍ന്ന് നീ
അണയണം എന്‍ ചോട്ടില്‍ വിശ്രമിച്ചുനരുവാന്‍ ...

Thursday, April 12, 2012


നീയും ഞാനും
============
ഇന്നലെ നിന്‍ നിശ്വാസമൊരു കാറ്റായെന്‍
മണ്‍ചിമിഴില്‍ പുല്‍കി അണയവേ
കൂമ്പി അടഞ്ഞതെന്റെ മോഹ മിഴിയിണകള്‍ ....
ഇന്നൊരു പെരുമഴയായ്‌ നീ താണ്ടവമാടവേ
പൊട്ടിയോലിച്ചതെന്‍ പ്രതീക്ഷയിന്‍ ജലാശയം...
കറുകകള്‍ പൂവിടും കുന്നിന്‍ ചരിവില്‍ നിന്ന-
കലേക്ക് ആശയാല്‍ മിഴികള്‍ പായിക്കവേ,
അറിയുന്നു നിന്‍ പാദസ്വനം ഒരു തെന്നലായ്
അണയുന്നിതെന്‍ ചാരെ ഒരു വേള മൌനമായ്‌...

പൊള്ളുന്ന വെയിലിന്റെ അവസാന നാളിലായ്‌
വന്നുചേരും മഴയാം മാരനെ കാത്ത്
ചെമ്പട്ട് ചേലയനിഞ്ഞു ഒരുങ്ങിടും വാക മരം പോല്‍
കാത്തിരിക്കുന്നു ഞാന്‍ നിന്‍ കരം മൃദുവായ് പുല്‍കി
സ്വപ്‌നങ്ങള്‍ പൂവിടുംസുന്ദരഭൂവിലെക്കൊപ്പം നടക്കുവാന്‍

Sunday, April 1, 2012

എന്റെ പാപം!

നേരറിവുകള്‍ ദിശ കാട്ടിയിരുന്ന
ജീവിതത്തിന്‍ പെരുവഴിച്ചെരുവുകളില്‍
സുദൃടം ഗ്രഹിച്ചിരുന്ന നിന്‍ കരം
അയഞ്ഞകലുന്നത് ഞാന്‍ അറിഞ്ഞിരുന്നു..
വ്യഥിതമാം ഹൃദയത്തില്‍ നോവുകള്‍ പൂത്തപ്പോള്‍
കണ്ണീര്‍ പൂക്കള്‍ കൊഴിഞ്ഞതും കണ്ടിരുന്നു...
ദുഃഖം മറക്കുവാന്‍ പൊട്ടിച്ചിരിച്ചതോ
ദേഹം തളര്‍ന്നപ്പോള്‍ ഒരു വേള നിന്‍ തോളില്‍
ഒന്നിനുമല്ലാതെ തലയൊന്നു ചായ്ച്ചതോ
എന്‍ മൌനവല്മീകത്തില്‍ സ്വയം മരന്നിരിക്കുവാന്‍
വെറുതേ കൊതിച്ചതോ ഞാന്‍ ചെയ്ത പാതകം?