Friday, September 7, 2012

ഭാവിയുടെ മുഖങ്ങള്‍
=========================
"ഭാവിയില്‍ ആരാകാനാണ് ആഗ്രഹം?" ടീച്ചറുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി. ഭാവി! അതെന്തു സംഭവം?? ആദ്യമായിട്ടാണ് കേള്‍ക്കുന്നത് തന്നെ. അപ്പോള്‍ പിന്നെ ഒരു മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥി ഞെട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?? എങ്കിലും മനസ്സില്‍ തോന്നിയതെന്തോ പറഞ്ഞു (24വര്‍ഷം മുന്‍പുള്ള സംഭവമാണ്). കാലങ്ങള്‍ കടന്നു പോയി. പിന്നീട് പത്താം തരത്തില്‍ എത്തിയപ്പോഴാണ് ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത്. അതിനു കാരണവുമുണ്ട്: "ഇതാണ് നിങ്ങളുടെ ഭാവിയുടെ ചവിട്ടു പടി" എന്ന് എന്നുള്ള അധ്യാപകരുടെ നിരന്തരമായ ജല്‍പ്പനങ്ങള്‍ തന്നെ. അവിടെയും ഞാന്‍ പരാജയപ്പെട്ടു - പരീക്ഷയിലല്ല, തീരുമാനമെടുക്കുന്നതില്‍ ...

പിന്നീട് പ്രീഡിഗ്രീ കാലം. കുറവിലങ്ങാട് ദേവമാതാ കോളേജിലെ സെക്കന്റ്‌ ഗ്രൂപ്പ് ക്ലാസ് മുറിയില്‍ ഇരിക്കുമ്പോള്‍ ദാ വരുന്നു പിന്നെയും അതെ ചോദ്യം! ഒന്നാം വര്‍ഷത്തെ ആദ്യക്ലാസ്. വിദ്യാര്‍ഥികളുടെ സ്വകാര്യ വിവരങ്ങള്‍ ചേര്‍ക്കാന്‍ തന്ന ഫോമിലെ അവസാനത്തെ ചോദ്യം എന്നെ നോക്കി പല്ലിളിച്ചു - What is your ambition?മലയാളം മീഡിയത്തില്‍ നിന്നും ഗുളിക രൂപത്തില്‍ ആംഗലേയം പഠിച്ചിറങ്ങിയ ഞാന്‍ ഇതിനെങ്ങനെ ഉത്തരം പറയും?അടുത്തിരുന്ന ചുള്ളന്‍ ചെക്കന്റെ പേപ്പറിലേക്ക് ഞാന്‍ പാളിനോക്കി. എന്നിട്ട് അതുപോലെ പകര്‍ത്തി - My ambition is to become a doctor.

ദിവസങ്ങള്‍ മുന്നോട്ടു പോകവേ ഞാന്‍ തിരിച്ചറിഞ്ഞു എനിക്കൊരിക്കലും ഒരു ഡോക്ടര്‍ ആകാന്‍ പറ്റില്ലെന്ന്. അത് മറ്റൊന്നും കൊണ്ടല്ല, ഡോക്ടരേക്കാള്‍ എന്നെ മോഹിപ്പിച്ച ഒരു ജോലി എന്റെ മനസ്സില്‍ കുടിയേറിയിരുന്നു - കോളേജ് അദ്ധ്യാപകന്‍ ! അതിനു കാരണക്കാരനായതോ, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെണ്ടിലെ റോയ്‌ സര്‍ - കോളേജിലെ സര്‍വ്വമാന തരുണീമണികളുടെയും ആരാധ്യപുരുഷന്‍ ! അപ്പോള്‍പിന്നെ അങ്ങനെ ആഗ്രഹിച്ചത്‌ ഒരു തെറ്റാണോ??

പ്രീഡിഗ്രീക്ക് ശേഷം നേരെ വെച്ച് പിടിച്ചത് കോട്ടയം ഗവണ്മെന്റ് കോളേജിലെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിലേക്ക്. മൂന്ന് വര്‍ഷം അവിടെ ആഘോഷിച്ചു. ഇതിനിടയില്‍ എന്നിലെ കോളേജ് അദ്ധ്യാപകന്‍ എന്നാ മോഹം കുടിയിറങ്ങിയിരുന്നു. പകരം, അവിടെ ഒരു ബാങ്ക് ഓഫീസര്‍ സ്ഥാനം പിടിച്ചിരുന്നു. കോട്ടയത്ത്‌ നിന്നും നേരെ പോയത് മഹാത്മാ ഗാന്ധി സര്‍വകലാശാല ആസ്ഥാനമായ പ്രിയദര്‍ശിനി കുന്നുകളിലേക്ക്. അവിടെ കുന്നിന്‍ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് (ബയോ  സയന്‍സസ്) ക്ലാസ്‌ മുറികളിലും പരീക്ഷനശാലകളിലും വെച്ച് ആ ബാങ്ക് ഓഫീസര്‍ നിലവിളിച്ചു കൊണ്ടോടിയതു ഞാന്‍ അറിഞ്ഞു; ഒരു ശാസ്ത്രഞ്ജന്‍ ആ കസേരയില്‍ ഇരിപ്പുറപ്പിച്ചതും...

അവിടുത്തെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മുന്നില്‍ വന്നത് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു ജോലിയായിരുന്നു - മെഡിക്കല്‍ കോളേജ് അദ്ധ്യാപകന്‍ ! എങ്ങനെയെന്നു ചോദിച്ചാല്‍ 'അങ്ങനെ' എന്ന് പറയാനേ പറ്റൂ(കഥയില്‍ ചോദ്യമില്ല പോലും). രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഈ കസേരയില്‍ ഇപ്പോള്‍ വിജയകരമായ എട്ടാമത്തെ വര്‍ഷം. പിന്തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സില്‍ സന്തോഷവും ഒപ്പം അത്ഭുതവും. 'ഭാവിയുടെ' ഓരോ മുഖങ്ങള്‍ !! ആഗ്രഹിക്കുന്നത് ഒന്ന്, ആയിത്തീരുന്നത് വേറൊന്ന്. ഇനിയും ധാരാളം ആഗ്രഹങ്ങള്‍ ബാക്കിയാണ്. എന്നെങ്കിലും അവയില്‍ ഏതെങ്കിലുമൊക്കെ ആയിത്തീരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഞാനിന്ന്; സ്വപ്‌നങ്ങള്‍ പൂക്കുന്ന മനസ്സുമായ്‌...

Wednesday, September 5, 2012

ഗുരുവന്ദനം!!
====================
പേമാരിയായിരുന്നു
വിണ്ണില്‍ നിന്നുമെന്‍ കണ്ണില്‍ നിന്നും..
പുത്തനുടുപ്പും പുസ്തക സഞ്ചിയും
പുതുജീവിതത്തിന് കൂട്ടായി വന്നെങ്കിലും
ആശങ്കയായിരുന്നു മനം നിറയെ....

അമ്മതന്‍ കൈയില്‍ നിന്നേറ്റുവാങ്ങുമ്പോള്‍
നിന്‍ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിപ്പൂക്കളെ
മറച്ചുകളഞ്ഞത് പേമാരിയോ
അതോ കണ്ണീര്‍ മഴയോ??

ഓരോ ദിവസവും പുത്തന്‍ പാഠങ്ങള്‍ !
ഓരോ പതര്‍ച്ചയിലും നിന്‍ ആശ്വാസവാക്കുകള്‍ !!
വിജയങ്ങളില്‍ അഭിനന്ദനങ്ങള്‍ !!
ഞാന്‍ വളരുകയായിരുന്നു
അല്ല, നീ വളര്‍ത്തുകയായിരുന്നു...

ജീവിതത്തിന്‍ പാതി വഴിയാത്രയില്‍
ഞാന്‍ തിരിച്ചറിയുന്നു -
എന്റെ വിജയങ്ങള്‍ നിന്റെതെന്നു..
എന്റെ ജീവിതം നിന്‍ ത്യാഗമെന്നു...
കാലമെത്ര കഴിഞ്ഞാലും മായില്ല
നീ എനിക്കേകിയ പാഠങ്ങളും
സ്നേഹവചനങ്ങളും....

(എന്നെ ഞാനാക്കിയ എന്റെ നല്ലവരായ എല്ലാ ഗുരുനാഥന്‍മാര്‍ക്കും സ്നേഹം നിറഞ്ഞ അധ്യാപക ദിനാശംസകള്‍ !!!)